National
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മായബന്ദറിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പവൻ ഹാൻസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 8.45 ഓടെ ശ്രീ വിജയ പുരത്ത് (പോർട്ട് ബ്ലെയർ) നിന്നുമാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലെ മായാബന്ദറായിരുന്നു ലക്ഷ്യസ്ഥാനം. 9.30 ഓടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും മായാബന്ദറിനടുത്തുള്ള കടലിൽ ഇടിച്ചിറക്കുകയുമായിരുന്നു.
രണ്ട് ക്രൂ അംഗങ്ങളും ഒരു കുട്ടിയുൾപ്പെടെ അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏഴ് യാത്രക്കാരെയും കടലിൽ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബേക്കറി ഉടമ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. സോളാപുരിലാണ് സംഭവം.
പ്രശസ്തമായ മുൾട്ടാണി ബേക്കറിയുടെ ഉടമയായ സുനിൽ മോട്ടിലാൽ സദരംഗാനി (59) ആണ് മരിച്ചത്. വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്.
സമീപവാസി പകർത്തിയ വീഡിയോയിൽ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിൽക്കുന്ന സദരംഗാനി കൈകൂപ്പി പ്രാർഥിക്കുന്നത് കാണാം.
ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തിയ സദരംഗാനി, ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികൾ നടന്നുകയറിയാണ് കെട്ടിടത്തിന്റെ മേൽകൂരയിലെത്തിയത്. ഇയാൾ കൈകൂപ്പി പ്രാർഥിക്കുന്നത് കണ്ട താമസക്കാർ, വിവരം സുരക്ഷാജീവനക്കാരെ അറിയിച്ചു.
സുരക്ഷാജീവനക്കാർ ഉടൻതന്നെ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. എന്നാൽ താക്കോൽകൂട്ടം മുകളിൽ ഉപേക്ഷിച്ചുവെന്നും അത് എടുത്തുവരാം എന്ന് പറഞ്ഞ് വീണ്ടും മുകളിലേക്ക് പോയ ഇയാൾ, താഴേക്ക് ചാടുകയായിരുന്നു. സദരംഗാനി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ കൂട്ടിലാക്കി. ജനവാസ മേഖലയായ വില്ലുന്നിപ്പാറയിൽ കൊല്ലംപറമ്പിൽ സദാശിവൻ എന്നയാളുടെ കിണറ്റിലാണ് ഇന്ന് പുലർച്ചെ കടുവ വീണത്.
മയക്കുവെടിവച്ചതിന് ശേഷം വലയിലാക്കി കടുവയെ ഉയർത്തിയെടുക്കുകയായിരുന്നു. പെരിയാർ ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരുടെ വലിയ സംഘമാണ് സ്ഥലത്ത് എത്തിയത്.
സുരക്ഷ കണക്കിലെടുത്ത് പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് അഞ്ച് മണിക്കുറിനുശേഷമാണ് സന്ധ്യയെ പുറത്തെത്തിച്ചത്.
സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ സന്ധ്യയുടെ കാലിന് പൊട്ടലുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ബിജുവിനെ ഉടൻ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
രാത്രി പത്തരയോടെയാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട ബിജുവിന്റെ നില അതീവ ഗുരുതരം. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബിജു അബോധാവസ്ഥയിലാണെന്നും ഓക്സിജൻ നൽകിയതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. നേരത്തെ ഇരുവരും രക്ഷാപ്രവർത്തകരുമായി സംസാരിച്ചിരുന്നു. എന്നാൽ നിലവിൽ ബിജു അബോധാവസ്ഥയിൽ തുടരുകയാണ്.
ബിജുവിന് ഓക്സിജൻ നൽകിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. എത്രയും വേഗം കോൺക്രീറ്റ് സ്ലാബ് നീക്കി പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ ഉടനെ സ്ഥലത്ത് എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.